
കോഴിക്കോട് : സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന വിവേചനങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം വ്യക്തമാക്കി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. അഖിലിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.വിദ്യാർത്ഥികളെ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മാത്രം കയറ്റുക, അനാവശ്യമായി ക്യൂ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികൾ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും മുന്നറിയിപ്പ് നൽകി.വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന യാത്രാ ആനുകൂല്യം പരമാവധി 40 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ മാത്രമായിരിക്കുമെന്നും യോഗം അറിയിച്ചു. കൺസെഷൻ കാർഡുകൾ മോട്ടോർ വാഹന വകുപ്പിന്റെ ‘ലീഡ്സ്’ ആപ്പ് മുഖേന വിതരണം ചെയ്യും.വിദ്യാർത്ഥികൾ കൂടുതലായി കാത്തുനിൽക്കുന്ന സ്റ്റോപ്പുകളിൽ ബസുകൾ നിർത്താതെ പോകുന്ന സംഭവങ്ങൾ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾ ഒഴികെയുള്ള സ്വകാര്യ, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൺസെഷൻ അപേക്ഷകരുടെ പട്ടിക ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കൈമാറുമെന്നും യോഗത്തിൽ അറിയിച്ചു.യോഗത്തിൽ ആർ.ടി.ഒ, വിദ്യാഭ്യാസ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
