വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ 22കാരിയുടെ ആത്മഹത്യ; വിവാഹത്തിൽ നിന്ന് പിന്മാറുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തതായി പ്രതിശ്രുത വരനെതിരെ കുടുംബത്തിന്റെ ആരോപണം.

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച നന്ദന പ്രദീപിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്.കഴിഞ്ഞ ജൂൺ 8നാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22)യെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം.കോഴിക്കോട് ഒരു മാൾ സന്ദർശിച്ചപ്പോഴാണ് കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശിയും ചൈനീസ് ഷെഫുമായ അഭിനവുമായി നന്ദന പരിചയപ്പെട്ടത്. തുടർന്ന് ഫോൺ നമ്പറുകൾ കൈമാറി സൗഹൃദം ആരംഭിച്ച ഇരുവരും പിന്നീട് വിവാഹ താൽപര്യം പരസ്പരം അറിയിക്കുകയായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കുകയും വളയിടൽ ചടങ്ങിന്റെ തീയതി വരെ നിശ്ചയിക്കുകയും ചെയ്‌തിരുന്നു.എന്നാൽ ഇതിനിടയിൽ വിവാഹത്തിന് താൽപര്യമില്ലെന്ന് അഭിനവ് നന്ദനയെ അറിയിച്ചതായി കുടുംബം ആരോപിക്കുന്നു. ഇതേ തുടർന്ന് മാനസികമായി തളർന്ന നന്ദന ആത്മഹത്യ ചെയ്‌തതാണെന്നാണ് മാതാപിതാക്കൾ പറയുന്നത്.അഭിനവ് നന്ദനയെ ബോഡി ഷെയ്‌മിങ് ചെയ്തിരുന്നതായും അവളുടെ രൂപത്തെയും പെരുമാറ്റത്തെയും കുറിച്ച് മോശമായി സംസാരിച്ചിരുന്നതായും നന്ദനയുടെ സഹോദരി ആരോപിച്ചു. അഭിനവിന്റെ വീട്ടുകാരും വിദേശത്തുള്ള പിതാവും നേരത്തെ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നെങ്കിലും നന്ദനയുടെ മരണത്തിന് ശേഷം വീട്ടിലെത്തുകയോ കുടുംബത്തെ ബന്ധപ്പെടുകയോ ചെയ്‌തിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *