വൃക്കക്കല്ല് ചികിത്സയ്ക്കായി എത്തിയ യുവാവിന്റെ മരണം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ പിഴവെന്ന ഗുരുതര ആരോപണം

കോഴിക്കോട്:വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവ് മരിച്ചതിനെ തുടർന്ന് വലിയ വിവാദം. നാദാപുരം വാണിമേൽ സ്വദേശിയായ റീജിത്താണ് ഇന്ന് പുലർച്ചെ മരിച്ചത്.ഓഗസ്റ്റ് ഒന്നിന് ശക്തമായ വയറുവേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റീജിത്തിന് നടത്തിയ പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് ആറിന് ആദ്യ ശസ്ത്രക്രിയ നടത്തി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പിന്നീട് അദ്ദേഹത്തെ വീട്ടിലേക്ക് വിട്ടയച്ചിരുന്നു.എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും ശക്തമായ വേദന അനുഭവപ്പെട്ടതോടെ രോഗി പലതവണ ആശുപത്രിയിലെത്തിയെങ്കിലും ആശ്വാസമുണ്ടായില്ല. തുടർന്ന് കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സി.ടി സ്കാനിൽ ആദ്യ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി സംശയം പ്രകടിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. അണുബാധയാണ് വേദനയ്ക്ക് കാരണമെന്നുമാണ് അവിടെ നിന്നുള്ള ഡോക്ടർമാർ അറിയിച്ചതെന്നും കുടുംബം പറയുന്നു.തുടർ ചികിത്സയ്ക്ക് വലിയ ചെലവ് ആവശ്യമായതിനെ തുടർന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റീജിത്തിനെ, ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഐസിയുവിൽ പ്രവേശിപ്പിക്കാതെ സാധാരണ വാർഡിലാക്കിയതായും ബന്ധുക്കൾ ആരോപിക്കുന്നു.അതിനിടെ, രോഗിയുടെ അറിവില്ലാതെ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയതായും, ഇടത് വശത്ത് ചെയ്യേണ്ട ശസ്ത്രക്രിയ പകരം വലത് വശത്ത് നടത്തിയതായും കുടുംബം ഗുരുതര ആരോപണം ഉന്നയിക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗാവസ്ഥ വഷളായി വ്യാപകമായ പഴുപ്പ് രൂപപ്പെട്ടതോടെ ആരോഗ്യനില തകർന്നുവെന്നും ബന്ധുക്കൾ പറയുന്നു.ഇന്ന് പുലർച്ചെയാണ് റീജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചുവെന്നും പിന്നീട് വിവിധ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ നടക്കുകയാണ്. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ്, പോലീസ് എന്നിവിടങ്ങളിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. “”

Leave a Reply

Your email address will not be published. Required fields are marked *