സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു; ഈ വർഷത്തെ നാലാമത്തെ മരണം

കോഴിക്കോട്: ഷിഗെല്ല രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ആദ്യം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ ശക്തമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ നൽകുകയായിരുന്നു.ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ഇത്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഷിഗെല്ല രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ വ്യക്തിശുചിത്വം പാലിക്കണമെന്നും ശുദ്ധജലവും സുരക്ഷിത ഭക്ഷണവും മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

#Shigella #KeralaHealth #Kozhikode #Malappuram #HealthNews #KeralaNews #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *