
കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചു. ഏകദേശം എട്ട് പവനോളം സ്വർണമാണ് സ്റ്റേഷനിൽ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് കണ്ടെത്തിയിരിക്കുന്നത്. കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് മുൻ എസ്എച്ച്ഒക്കെതിരെ ഗുരുതര കണ്ടെത്തലുകൾ പുറത്തുവന്നത്.സ്റ്റേഷനിൽ വിവിധ സമയങ്ങളിൽ ലഭിച്ചും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമടക്കം കണ്ടെത്തി ഏൽപ്പിച്ച സ്വർണാഭരണങ്ങളാണ് കാണാതായത്. ഈ സ്വർണം മുൻ എസ്എച്ച്ഒ കൈവശപ്പെടുത്തിയതായാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണം തിരികെ നൽകി നടപടി ഒഴിവാക്കാനും ശ്രമം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അബദ്ധത്തിൽ സ്വർണം കൈവശം വന്ന് പിന്നീട് മറന്നുപോയതാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വിശദീകരണം.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പും മറ്റൊരു കൃത്യവിലോപവുമായി ബന്ധപ്പെട്ട് ഇയാൾ സസ്പെൻഷനിലായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
