
കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എ സഹിതം യുവാവിനെ കോഴിക്കോട് സിറ്റി ഡാൻസഫും ടൗൺ പോലീസും ചേർന്ന് പിടികൂടി. നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പിൽ (ടി.കെ ഹൗസ്) സാജിദ് ജമാൽ അഹമ്മദ് (27) ആണ് അറസ്റ്റിലായത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസഫ് സംഘവും, ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രിയൻ എൻ.കെയുടെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് & ഡോർമെട്രീസ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്.പ്രതിയുടെ കൈവശത്തിൽ നിന്ന് 37.170 ഗ്രാം എം.ഡി.എം.എ, മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് വിൽപ്പന നടത്തി ലഭിച്ചതായി കരുതുന്ന 4630 രൂപ, ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യുന്നതിനുള്ള സിപ്പ് ലോക്ക് കവറുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.കോഴിക്കോട് നഗരത്തിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം ശക്തമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായ പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.ലഹരിമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും സമാനമായ റെയ്ഡുകൾ തുടരുമെന്നും പോലീസ് അറിയിച്ചു.
