ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ആഗോള എണ്ണവിപണിയിൽ ആശങ്ക

ടെഹ്റാൻ: അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ ധാരണ ഇസ്രായേൽ ലംഘിച്ചുവെന്നാരോപിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളാണ് ഈ കടുത്ത നടപടിക്ക് കാരണമായതെന്ന് ഇറാൻ അറിയിച്ചു.ഇസ്രായേലിന്റെ ആക്രമണം വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും മേഖലയിൽ സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്നും ഇറാൻ ആരോപിച്ചു. ഇതിന് മറുപടിയായാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.ആഗോള സമുദ്രമാർഗ്ഗ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്ക് ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ ഇറാന്റെ നടപടി അന്താരാഷ്ട്ര എണ്ണവിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവിലയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അതേസമയം, കടലിടുക്ക് പൂർണമായും അടച്ചതിന്റെ വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇറാന്റെ പുതിയ നടപടി. സംഭവവികാസങ്ങൾ ലോക രാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *