
മലപ്പുറം: അരീക്കോട്ടെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി ഇടപാടിൽ കോളേജ് വിദ്യാർത്ഥിനിയുൾപ്പെടെ നാല് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് 14 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അരീക്കോട് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പരിശോധന നടത്തിയത്. കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.പൂക്കളത്തൂർ സ്വദേശികളായ മുഹമ്മദ് ദിൽഷാദ്, ഷഹൽ നമാസ്, കാരാപറമ്പ് സ്വദേശി സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് അറസ്റ്റിലായത്. ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും വിതരണവും നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.സംഭവത്തിൽ പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എംഡിഎംഎയുടെ ഉറവിടവും പിന്നിൽ പ്രവർത്തിക്കുന്ന ലഹരി ശൃംഖലയെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
