
ഇന്ധനത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി പ്രദേശത്തെ വാഹനയാത്രക്കാരിൽ ആശങ്ക. ചിലർ പമ്പുകളിൽ നിന്ന് ബോട്ടിലിൽ വാങ്ങിയ E20 പെട്രോളിൽ പെട്രോൾ മുകളിലായി നിൽക്കുകയും അതിന് താഴെ വെള്ളം പോലുള്ള പാളി രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് പരാതി ഉയരുന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെ ഇന്ധനത്തിന്റെ നിലവാരം സംബന്ധിച്ച് സംശയങ്ങൾ ശക്തമായി.E20 പെട്രോൾ എന്നത് 20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനമായതിനാൽ സാധാരണ പെട്രോളിനേക്കാൾ വ്യത്യസ്ത സ്വഭാവം കാണിക്കാമെന്ന വിലയിരുത്തലും ഇതിനിടെ ഉയരുന്നുണ്ട്. എന്നാൽ ബോട്ടിലിൽ വ്യക്തമായി രണ്ട് പാളികളായി വേർതിരിഞ്ഞ നിലയിൽ ഇന്ധനം കാണപ്പെടുന്നുവെന്ന ആരോപണമാണ് വാഹന ഉടമകളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇത്തരത്തിൽ വെള്ളത്തിന്റെ അംശം കലർന്നാൽ വാഹനങ്ങളുടെ എൻജിൻ പ്രവർത്തനത്തെ ബാധിക്കാനും സാങ്കേതിക തകരാറുകൾക്ക് ഇടയാക്കാനും സാധ്യതയുണ്ടെന്നാണ് ഡ്രൈവർമാരുടെയും മെക്കാനിക്കുമാരുടെയും മുന്നറിയിപ്പ്.“പെട്രോൾ മുകളിലും വെള്ളം താഴെയും നിൽക്കുന്ന രീതിയിൽ കണ്ടാൽ E20 ഇന്ധനത്തിന്റെ ഗുണമേന്മ തന്നെ ചോദ്യം ചെയ്യപ്പെടും. ഇങ്ങനെ തുടർന്നാൽ വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കാം” എന്നാണ് ചില വാഹന ഉടമകൾ പറയുന്നത്. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ സംശയമുള്ള സാഹചര്യത്തിൽ ബന്ധപ്പെട്ട പെട്രോൾ പമ്പുകളിലും എണ്ണക്കമ്പനികളിലും നിന്ന് വ്യക്തമായ വിശദീകരണം ഉണ്ടാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി പ്രശ്നമുണ്ടെങ്കിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
