ഉയർന്ന തിരമാല ജാഗ്രത; കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക മുന്നറിയിപ്പ്

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS അറിയിച്ചു. 2.9 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയിൽ ചോമ്പാല ഫിഷറീസ് ഹാർബർ മുതൽ രാമനാട്ടുകര വരെ, കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണമെന്നും, തിരമാല ശക്തമാകുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരക്കടുപ്പിക്കുന്നതും അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരശോഷണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു.മുന്നറിയിപ്പ് ഇന്ന് ഉച്ചയ്ക്ക് 2.30-നാണ് പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *