
മാനന്തവാടി നഗരത്തിലെ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തും കെഎസ്ആർടിസി ബസുകളിലും വനിതാ യാത്രക്കാരുടെ സ്വർണ്ണമാലകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് സ്ത്രീകളിൽ നിന്നായി പത്ത് പവനിലധികം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്.കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് ബസുകളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും അനുഭവപ്പെട്ട വലിയ തിരക്കിനിടെയാണ് ആദ്യ രണ്ട് മോഷണങ്ങൾ നടന്നത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ ആറര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും സമാന സാഹചര്യത്തിൽ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു.ഉത്സവകാല തിരക്കും പൊതുഗതാഗത സംവിധാനങ്ങളിലെ തിരക്കും മുതലെടുത്ത് സംഘടിത മോഷണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തിരക്കേറിയ ബസുകളിലും ബസ് സ്റ്റാൻഡുകളിലും സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോകുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വനിതാ യാത്രക്കാർ സ്വർണ്ണാഭരണങ്ങൾ പരമാവധി പ്രദർശിപ്പിക്കാതെയും യാത്രയ്ക്കിടെ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധിക്കണമെന്നും പോലീസ് നിർദേശിച്ചു. തിരക്കേറിയ ബസുകളിലും സ്റ്റാൻഡുകളിലും കൂടുതൽ ജാഗ്രത പാലിക്കാനും എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കാനും അധികൃതർ അഭ്യർഥിച്ചു.
