കേരളാക്ഷേത്രവാദ്യകലാ അക്കാദമിയുടെ വിവിധ പദ്ധതികൾക്ക് തുടക്കം; വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

തൃശൂർ | കേരളാക്ഷേത്രവാദ്യകലാ അക്കാദമിയുടെ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രോഗ്രാം ഡയറി, വാദ്യകേരളം ത്രൈമാസിക എന്നിവയുടെ പ്രകാശനവും തൃശൂർ തെക്കേമഠം ലക്ഷ്മി മണ്ഡപത്തിൽ നടന്നു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അക്കാദമിയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് കൈലാസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച കലാകാരൻമാരുടെ സ്മരണയ്ക്കായി മൗനപ്രാർത്ഥനയും നടത്തി.വാദ്യകേരളം ത്രൈമാസികയുടെ പ്രകാശനം പരയ്ക്കാട് തങ്കപ്പ മാരാർ നിർവഹിച്ചു. പ്രോഗ്രാം ഡയറി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രകാശനം ചെയ്തു. വാർഷിക വരിസംഖ്യയുടെ സംസ്ഥാനതല ഉദ്ഘാടനവും ചടങ്ങിൽ നടന്നു.അക്കാദമിയുടെ വെബ്സൈറ്റ് രൂപകൽപനയ്ക്കായി സാമ്പത്തിക സഹായം നൽകിയ കുറിച്ചിത്താനം രാമചന്ദ്ര മാരാരെ ചടങ്ങിൽ ആദരിച്ചു. പ്രവാസി സെൽ കൺവീനർ വാസുദേവൻ തളിയറ, വൈസ് പ്രസിഡന്റ് കക്കാട്ട് രാജേഷ് മാസ്റ്റർ, കോട്ടയം ജില്ലാ സെക്രട്ടറി ഇടമറ്റം കണ്ണൻ എന്നിവർ ആശംസകൾ നേർന്നു. വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദീകരണവും ചടങ്ങിൽ അവതരിപ്പിച്ചു.അസിസ്റ്റന്റ് സെക്രട്ടറി ചേന്ദമംഗലം രഘുമാരാർ നന്ദി രേഖപ്പെടുത്തിയതോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു. തുടർന്ന് സംസ്ഥാന കമ്മിറ്റി യോഗവും ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *