
തിരുവനന്തപുരം: ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൊതുക് വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും കണ്ടെത്തിയാൽ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ആദ്യം ബന്ധപ്പെട്ട വ്യക്തികൾക്ക് നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചിട്ടും കൊതുകിന്റെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാനോ പരിസരം ശുചീകരിക്കാനോ തയ്യാറാകാത്തവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. കേരള പൊതുജനാരോഗ്യ നിയമപ്രകാരം പ്രാദേശിക പൊതുജനാരോഗ്യ അധികാരികൾക്ക് ഇത്തരം നോട്ടീസുകൾ നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമുള്ള അധികാരമുണ്ട്. വീടുകളിലും സ്ഥാപന പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ, ഉപയോഗശൂന്യമായ ടയറുകൾ, കുപ്പികൾ, ചിരട്ടകൾ തുടങ്ങിയവ കൊതുകുകളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഉറവിട നശീകരണമാണ് കൊതുക് നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നും അധികൃതർ ആവർത്തിച്ചു. മുൻപ് കൊതുകിന്റെ ലാർവകൾ കണ്ടെത്തിയ സാഹചര്യത്തിൽ ശുചീകരണ നിർദേശങ്ങൾ പാലിക്കാത്ത വീട്ടുടമകൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തിയ സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
. #Health #MosquitoControl #DenguePrevention #KeralaHealth #PublicHealth 🦟🚫
