
കോഴിക്കോട്: കൊയിലാണ്ടി സർക്കിൾ പരിധിയിലെ നന്ദി പ്രദേശത്തിന് സമീപം പ്രവർത്തിച്ചിരുന്ന ഉസ്താദ് ഹോട്ടൽ എന്ന ഭക്ഷ്യസ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു.Food Safety and Standards Act, 2006, അനുബന്ധ Licensing and Registration Regulations, Schedule 4 എന്നിവ പ്രകാരം ഭക്ഷ്യസ്ഥാപനങ്ങൾ പാലിക്കേണ്ട അടിസ്ഥാന ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.പരിശോധനയിൽ പാചകത്തിനും ഭക്ഷ്യസംസ്കരണത്തിനുമായി ഉപയോഗിച്ചിരുന്ന പാത്രങ്ങൾ യഥാസമയം ശുചീകരിച്ചിരുന്നില്ലെന്നും, പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നെന്നും കണ്ടെത്തി. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിൽ സൂക്ഷിച്ചിരുന്നതായും അധികൃതർ അറിയിച്ചു.സ്ഥാപനത്തിൽ രൂക്ഷമായ ഈച്ചശല്യം, അതീവ വൃത്തിഹീനമായ അടുക്കള, പൊട്ടിപ്പൊളിഞ്ഞതും ഒട്ടിപ്പൊറിഞ്ഞതുമായ തറ, മലിനമായ പ്രവർത്തനമേഖല എന്നിവയും കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഫ്രീസറും വൃത്തിഹീനമായ നിലയിലായിരുന്നുവെന്നും ആവശ്യമായ താപനില പാലിക്കാത്തതിനാൽ ക്രോസ് കണ്ടാമിനേഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായിരുന്നുവെന്നും പരിശോധനയിൽ വിലയിരുത്തി.പാകം ചെയ്ത ഭക്ഷണത്തിൽ നിരോധിത സിന്തറ്റിക് ഫുഡ് കളർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഈ സ്ഥാപനത്തിനെതിരെ നേരത്തേ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവ കോടതിയുടെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ Section 55 പ്രകാരമുള്ള അഡ്ജുഡിക്കേഷൻ നടപടിയും നിലവിലുണ്ട്.മുൻപ് നിയമനടപടികൾ സ്വീകരിച്ചിട്ടും സ്ഥാപനം വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. സ്ഥാപനം പൂർണമായും ശുചീകരിച്ച് നിയമപ്രകാരമുള്ള എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതായി ഉറപ്പാക്കിയ ശേഷം, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെയേ വീണ്ടും പ്രവർത്തനം ആരംഭിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
