
കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ ചാലിയാർ, ഇരുവഞ്ഞി, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് കരകവിഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ സന്ധ്യയോടെയാണ് പുഴകളിലെ വെള്ളം ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. മാവൂർ, പെരുവയൽ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം കൂടുതൽ രൂക്ഷമായത്.മിക്ക ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മാവൂർ കച്ചേരിക്കുന്നിൽ നിലവിൽ നാല് വീടുകളിലേക്ക് പുഴവെള്ളം കയറിയിട്ടുണ്ട്. ഇതിൽ ഒരു കുടുംബം ഇന്നലെ തന്നെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ബാക്കി മൂന്ന് വീടുകളിലുള്ളവരും ഇന്ന് രാവിലെ മുതൽ വീട്ടുപകരണങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ബന്ധുവീടുകളിലേക്ക് മാറാനാണ് തയ്യാറെടുക്കുന്നത്.സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി മാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി. മഴ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ മാവൂർ ഗ്രാമപഞ്ചായത്തിലെ കൂടുതൽ പ്രദേശങ്ങളിലെ വീടുകൾക്കും വെള്ളപ്പൊക്ക ഭീഷണി നേരിടേണ്ടിവരുമെന്നാണ് ആശങ്ക.
