
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് കുടുംബങ്ങളിലെ കുട്ടികൾക്ക് തട്ടുകടയിൽ നിന്ന് വാങ്ങിയ കൂന്തൾ ഫ്രൈ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും ഉണ്ടായ സംഭവത്തിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗവും പോലീസും ഇടപെട്ട് കട അടപ്പിച്ചു.മലപ്പുറത്ത് നിന്ന് കോഴിക്കോട് വിനോദയാത്രയ്ക്കെത്തിയ രണ്ട് കുടുംബങ്ങളിലെ കുട്ടികളാണ് കോഴിക്കോട് ബീച്ചിലെ കോർപ്പറേഷൻ ഓഫീസിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കൂന്തൾ ഫ്രൈ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഭക്ഷണം പരിശോധിച്ചപ്പോഴാണ് കടയിൽ നിന്ന് വാങ്ങിയ കൂന്തൾ ഫ്രൈ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമാണെന്ന് കണ്ടെത്തിയത്.ഇതോടെ കുടുംബാംഗങ്ങളും കടയുടമയും തമ്മിൽ തർക്കമുണ്ടായി. ശബ്ദം കേട്ട് നാട്ടുകാർ ഇടപെട്ട് കാര്യം അന്വേഷിച്ചു. ഭക്ഷണം ശുചിത്വമുള്ളതും ഫ്രഷ് മീൻ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന കടയുടമയുടെ വാദത്തെ തുടർന്ന്, കടയുടമയോ ജീവനക്കാരോ അതേ കൂന്തൾ ഫ്രൈ കഴിച്ച് കാണിക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചു. എന്നാൽ ഇതിന് കടയുടമ തയ്യാറായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.സംഭവത്തിനിടെ സ്ഥലത്തെത്തിയ പോലീസും കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. തുടർന്ന് ഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ സംശയം ഉയർന്ന സാഹചര്യത്തിൽ തട്ടുകട അടപ്പിക്കുകയായിരുന്നു.സംഭവത്തിൽ കൂടുതൽ പരിശോധനയും തുടർനടപടികളും ആരോഗ്യവിഭാഗം സ്വീകരിക്കുമെന്നാണ് വിവരം..
