
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി; 9 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് മാതാപിതാക്കൾ
കോഴിക്കോട് | കഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കായി എത്തിയ ഒൻപത് വയസുകാരന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കളുടെ ഗുരുതര ആരോപണം.
വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ച കുട്ടിക്ക് ആവശ്യമായ മെഡിക്കൽ പരിശോധനകളൊന്നും നടത്താതെ ഗ്യാസിനുള്ള രണ്ട് ഇഞ്ചക്ഷനുകൾ മാത്രം നൽകി വീട്ടിലേക്ക് മടക്കി അയച്ചുവെന്നാണ് പരാതി. എന്നാൽ വീട്ടിലെത്തിയ ശേഷവും കുട്ടിക്ക് കഠിനമായ വേദന തുടർന്നതോടെ സമീപത്തെ ഡോക്ടറെ കാണിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിൽ കുട്ടിക്ക് അപ്പൻഡിക്സിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയതായി മാതാപിതാക്കൾ പറയുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും അവർ അറിയിച്ചു.
സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല
.
