
മലപ്പുറം: അങ്ങാടിപ്പുറത്തെ പ്രശസ്തമായ തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി
. ക്ഷേത്രഭരണ നിർവഹണത്തിനായി ഒരു മാസത്തിനകം പാരമ്പര്യ ട്രസ്റ്റിമാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.ദേവസ്വം ബോർഡ് നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനത്തിനെതിരെ പാരമ്പര്യ ട്രസ്റ്റിമാരായ എം.സി. കുഞ്ഞുണ്ണിരാജ് അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
ക്ഷേത്രഭരണം സുതാര്യവും അഴിമതിരഹിതവുമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ പാരമ്പര്യ ട്രസ്റ്റിമാരുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് ട്രസ്റ്റിമാരെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കി കരട് റിപ്പോർട്ട് ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
.ക്ഷേത്രങ്ങളുടെ പാരമ്പര്യ അവകാശങ്ങളും ഭരണസംവിധാനങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിൽ വന്ന ഈ വിധി ശ്രദ്ധേയമാണ്. നേരത്തെ പാലക്കാട് ജില്ലയിലെ ഏമൂർ ഭഗവതി ക്ഷേത്രം സംബന്ധിച്ച കേസിലും പാരമ്പര്യ ട്രസ്റ്റിമാർക്ക് അനുകൂലമായ കോടതി ഇടപെടൽ ഉണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
തിരുമാന്ധാംകുന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഈ വിധി ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള മറ്റ് പാരമ്പര്യ ക്ഷേത്രങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട നിയമപരമായ ചർച്ചകൾക്കും പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
