
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 8,50,00,661 രൂപ ലഭിച്ചു. ജൂൺ 22ന് ആരംഭിച്ച എണ്ണൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് പൂർത്തിയായത്.ഭക്തർ സമർപ്പിച്ച കാണിക്കകളിൽ നിന്ന് 1 കിലോഗ്രാം 843 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 9 കിലോഗ്രാം 800 ഗ്രാം വെള്ളിയും ലഭിച്ചു. കൂടാതെ കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ 15 എണ്ണവും, നിരോധിച്ച 1000 രൂപ നോട്ടുകൾ 14 എണ്ണവും, 500 രൂപയുടെ 60 നോട്ടുകളും ഭണ്ഡാരത്തിൽ നിന്ന് കണ്ടെത്തി.ഭണ്ഡാരം എണ്ണുന്നതിനുള്ള ചുമതല കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു.ഇ-ഭണ്ഡാരങ്ങളിലൂടെയും ശ്രദ്ധേയമായ തുക ലഭിച്ചു. കിഴക്കേ നടയിലെ എസ്.ബി.ഐ ഇ-ഭണ്ഡാരത്തിലൂടെ 4,60,426 രൂപയും, പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 31,037 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-ഭണ്ഡാരത്തിൽ നിന്ന് 1,07,226 രൂപയും, ഇന്ത്യൻ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 61,864 രൂപയും, ഐസിഐസിഐ ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 43,952 രൂപയും, ധനലക്ഷ്മി ബാങ്ക് ഇ-ഭണ്ഡാരത്തിലൂടെ 1,82,432 രൂപയും ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.
