
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ പുരോഗമിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ചുരത്തിലൂടെയുള്ള യാത്ര ദുരിതപൂർണമാകുന്നു. തൊഴിലാളികളുടെ കുറവും നിർമാണത്തിന്റെ മെല്ലെപ്പോക്കും കാരണം ദിവസേന മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.പ്രത്യേകിച്ച് ആറാം വളവിൽ വലിയ വാഹനങ്ങൾ പതിവായി കുടുങ്ങുന്നത് ഗതാഗതം പൂർണമായും തടസപ്പെടുത്തുന്നു. മഴക്കാലത്ത് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും പാറക്കല്ലുകളും അപകടസാധ്യതയും വർധിപ്പിക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടും അത് കർശനമായി നടപ്പാക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ചുരത്തിൽ സ്ഥിരമായി ക്രെയിനും അറ്റകുറ്റപ്പണി സംഘവും സജ്ജമാക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതിയുടെ ആറുമാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി കൈവരിക്കാത്തത് ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
