ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; കേന്ദ്രത്തിന് 7 ദിവസത്തെ അന്ത്യശാസനവുമായി സി.ജെ.പി, രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പ്.

ന്യൂ ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമെന്ദ്ര പ്രധാൻ രാജിവെക്കണം എന്ന ആവശ്യം ശക്തമാക്കി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). ഡൽഹിയിലെ ജനതർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് പിന്നാലെ കേന്ദ്ര സർക്കാരിന് ഏഴ് ദിവസത്തെ സമയപരിധി പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം.ഒരാഴ്ചയ്ക്കുള്ളിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ, അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് സി.ജെ.പി അറിയിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യാപകമായ ജനവികാരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തിപ്പെടുത്തുന്നതെന്ന് സംഘടന വ്യക്തമാക്കി.ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എട്ട് ലക്ഷത്തിലധികം പേർ ഒപ്പുവെച്ച നിവേദനം ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചിരുന്നുവെന്നും, എന്നാൽ ഇതുവരെ സർക്കാർ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും പാർട്ടി ആരോപിച്ചു. ഇതാണ് കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ കാരണമായതെന്നും നേതാക്കൾ പറഞ്ഞു.ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവജനങ്ങളും പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, ബിഹാർ, ഛത്തീസ്ഗഢ് എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രതിഷേധത്തിൽ അണിനിരന്നതായും അവർ അവകാശപ്പെട്ടു.വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങൾക്ക് നിലവിലെ മന്ത്രിയെ മാറ്റേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് പാർട്ടി ആവർത്തിച്ചത്. അതേസമയം ഭാവിയിലെ എല്ലാ സമരപരിപാടികളും ജനാധിപത്യപരവും സമാധാനപരവുമായ രീതിയിലായിരിക്കുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *