
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ ശിശുരോഗ വിദഗ്ധനായ ഡോ. മനോജ് ഷിരോളെയെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ കോച്ചിങ് സെന്റർ ഉടമ ശിവ്‌രാജിന്റെ കുടുംബാംഗങ്ങളെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഇന്ന് ചേരുന്ന പാർലമെന്ററി സമിതി യോഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തെയും എൻടിഎയിലെയും ഉന്നത ഉദ്യോഗസ്ഥരെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ലാത്തൂരിലെ ഡോക്ടറുടെ ക്ലിനിക്കിലും വസതിയിലും പരിശോധന നടത്തിയ സിബിഐ, ചോദ്യം ചെയ്യലിനായി ഇയാളെ പൂനെയിലേക്ക് മാറ്റി. കോച്ചിങ് സെന്ററുകൾക്കും വിദ്യാർഥികൾക്കും ചോദ്യപേപ്പർ കൈമാറുന്നതിൽ ഡോക്ടർ വഹിച്ച പങ്ക്, സാമ്പത്തിക ഇടപാടുകൾ, ഫോൺ രേഖകൾ എന്നിവയാണ് പ്രധാനമായും അന്വേഷണസംഘം പരിശോധിക്കുന്നത്.അറസ്റ്റിലായ പ്രതികളുടെ കയ്യക്ഷര സാമ്പിളുകൾ ശേഖരിക്കാൻ അനുമതി തേടി സിബിഐ ഡൽഹി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാർലമെന്ററി സമിതി എൻടിഎയിലെ പരിഷ്കാരങ്ങളും കെ. രാധാകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യും.പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ വിമർശിച്ച കേന്ദ്ര മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സമിതി അംഗമായ ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്.ഇതിനിടെ, പുനപരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഒആർഎസ്, സൗജന്യ യാത്രാ സൗകര്യം എന്നിവ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ 21-ന് ഉച്ചയ്ക്ക് പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, രാജ്യാന്തര യോഗാദിനമായതിനാലാണ് സമയക്രമീകരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു.
