
തിരുവനന്തപുരം : സംസ്ഥാന സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് നിർദേശങ്ങൾ വികസന പ്രവർത്തനങ്ങളെ പിന്നോട്ട് തള്ളുന്ന നിലപാടാണെന്ന് മുൻ ധനകാര്യ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് .ബജറ്റിൽ പ്രഖ്യാപിച്ച നിരവധി വികസന പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക വകയിരുത്തൽ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുമേഖലാ നിക്ഷേപങ്ങൾക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ബജറ്റ് ചെലവിൽ വലിയ കുറവുണ്ടായതായും ഏകദേശം 13,000 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതോടെ വികസന പദ്ധതികളുടെ നടപ്പാക്കൽ മന്ദഗതിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.വികസന ആശയങ്ങൾ പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങാതെ, പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന രീതിയിൽ ബജറ്റ് രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
