
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവീസ് വ്യാപകമാകുന്നതിനിടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. നിലവിലെ സാഹചര്യത്തിൽ നിരവധി സ്വകാര്യ ബസുകൾ ജൂൺ 30 ഓടെ സർവീസ് നിർത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ബസ് ഉടമകൾ നൽകുന്നത്.പ്രിയദർശിനി സർവീസിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും, ഇതുമൂലം ഒരു ബസിന് പ്രതിദിനം ആയിരം രൂപ മുതൽ ആറായിരം രൂപ വരെ നഷ്ടമുണ്ടാകുന്നതായും ബസ് ഉടമകൾ ആരോപിക്കുന്നു. വർധിച്ചുവരുന്ന ഇന്ധനച്ചെലവും തൊഴിലാളികളുടെ വേതനവും മറ്റ് പ്രവർത്തനച്ചെലവുകളും കൂടി ചേർന്നതോടെ സർവീസ് തുടരുന്നത് ദുഷ്കരമായിരിക്കുകയാണെന്ന് അവർ പറയുന്നു.സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ എതിർക്കുന്നില്ലെന്നും, എന്നാൽ കെ.എസ്.ആർ.ടി.സിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസുകൾക്കും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. അത്തരമൊരു സംവിധാനം നടപ്പാക്കിയാൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.നിലവിലെ സ്ഥിതി തുടർന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാകുമെന്നും, പൊതുഗതാഗത രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.
