
കോഴിക്കോട്/വയനാട്: താമരശ്ശേരിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളെ വയനാട് മലഞ്ചെരിവിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയത്. തുടർന്ന് മേപ്പാടി പൊലിസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥികളെ തുടർനടപടികൾക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.പത്താം ക്ലാസുകാരിയും പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് കൃത്യമായ ആസൂത്രണത്തോടെ ഒളിച്ചുപോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യാത്രയ്ക്കുള്ള പണം കണ്ടെത്താൻ ഒരാളുടെ 18,000 രൂപ വിലമതിക്കുന്ന സ്മാർട്ട്ഫോൺ 10,000 രൂപയ്ക്ക് വിൽപ്പന നടത്തിയതായും റിപ്പോർട്ടുണ്ട്. സൈബർ ട്രാക്കിംഗ് ഒഴിവാക്കാൻ മറ്റ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.കാട്ടിൽ താമസിക്കാൻ ആവശ്യമായ ടാർപായ, ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, കത്തി എന്നിവ ഉൾപ്പെടെ മുൻകൂട്ടി ഒരുക്കിയതായും പൊലീസ് പറഞ്ഞു. താമരശ്ശേരി സ്കൂളിന് സമീപം റബർ തോട്ടത്തിൽ നിന്ന് ആരംഭിച്ച അന്വേഷണം ലക്കിടി ചുരം വഴിയുള്ള സഞ്ചാര പാതകളിലേക്ക് വ്യാപിപ്പിച്ചിരുന്നു.അവസാന ഘട്ടത്തിൽ വയനാട് വടുവൻചാൽ ചിത്രഗിരി പ്രദേശത്തെ കാടുമൂടിയ കുന്നിൻപ്രദേശത്താണ് കുട്ടികൾ ടെന്റടിച്ച് താമസിക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ പിന്തുടർച്ചയും പൊലീസിന്റെ ഏകോപിത ശ്രമവും ചേർന്നാണ് ഇവരെ പിടികൂടിയത്.സംഭവം പ്രദേശത്ത് മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചെങ്കിലും കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്തിച്ചതോടെ ആശ്വാസമായി.
