
സുൽത്താൻ ബത്തേരി: പനിയും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എ.യു.പി സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. ഏകദേശം 150 വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരു അധ്യാപികയ്ക്കും സമാന ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.ജൂൺ 1 മുതൽ ചില കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്നാണ് വിവരം. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വെള്ളത്തിലൂടെ പകരുന്ന ബാക്ടീരിയൽ അണുബാധയാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി വെള്ളത്തിന്റെയും മറ്റ് സാമ്പിളുകളുടെയും പരിശോധന നടത്തിവരികയാണ്.സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അറിയിച്ചു. പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതോടെ രോഗബാധയുടെ കൃത്യമായ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
