മത്സ്യ വിപണികളിൽ പരിശോധന ശക്തമാക്കി; 6 കിലോ ഗുണനിലവാരമില്ലാത്ത മത്സ്യം നശിപ്പിച്ചു

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ സെൻട്രൽ മാർക്കറ്റിലും വെള്ളയിൽ മാർക്കറ്റിലും പ്രത്യേക പരിശോധന നടത്തി. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പരിശോധനയിൽ 34 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി.പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 6 കിലോഗ്രാം സ്‌കിപ്പ്ജാക്ക് ട്യൂണ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു.ഫ്രോസൺ മത്സ്യങ്ങൾ -18 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ സൂക്ഷിക്കണമെന്നും, സാധാരണ അന്തരീക്ഷ ഊഷ്മാവിൽ വിൽക്കുന്നതും സൂക്ഷിക്കുന്നതും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫ്രോസൺ മത്സ്യം ഉരുകിയ നിലയിൽ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 1800 425 1125-ൽ വിവരം അറിയിക്കാവുന്നതാണ്.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മത്സ്യ വിൽപനയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *