മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമൊരുങ്ങുന്നു; 120 താത്കാലിക ബാച്ചുകൾക്ക് സാധ്യത

തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ 120 താത്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് ശുപാർശ നൽകി. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പുതിയ ബാച്ചുകൾ അനുവദിക്കാൻ നിർദേശം. വിഷയത്തിൽ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും.കഴിഞ്ഞ വർഷത്തെ താത്കാലിക ബാച്ചുകൾ തുടർന്നിട്ടും സീറ്റ് ക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ബാച്ചുകൾ അനുവദിക്കാനുള്ള നീക്കം. അധിക ബാച്ചുകൾ അനുവദിച്ചാൽ പ്ലസ് വണിന് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.മൂന്നാം അലോട്ട്‌മെന്റിന് ശേഷം സംവരണ വിഭാഗങ്ങളിൽ ഒഴിവായ സീറ്റുകൾ മെറിറ്റ് സീറ്റുകളാക്കി മാറ്റിയെങ്കിലും ആവശ്യത്തിന് സീറ്റുകൾ ലഭ്യമായില്ല. ആകെ 82,753 അപേക്ഷകരുള്ളപ്പോൾ മെറിറ്റ് സീറ്റുകൾ 57,428 മാത്രമാണ്. മലപ്പുറത്ത് നിലവിൽ 71 സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ഈ സാഹചര്യത്തിലാണ് സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യം ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *