കോഴിക്കോട്: മാവൂർ പോലീസ് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്ത മൂന്ന് ബംഗ്ലാദേശി പൗരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തി. രേഖകളില്ലാതെ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അറസ്റ്റിലായവർ മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ്. ഇവർ ഏകദേശം 20 ദിവസം മുമ്പ് മാവൂർ കൽപള്ളിയിൽ എത്തിയതായും കോൺക്രീറ്റ് ജോലികൾ ഉൾപ്പെടെയുള്ള നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.ഇവർക്ക് ജോലി നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശിൽ നിന്ന് എത്തിയ മറ്റ് ആളുകളെക്കുറിച്ചും ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഉപയോഗിച്ചിരുന്ന സിം കാർഡുകൾ എവിടെ നിന്നാണ് വാങ്ങിയതെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിച്ചുവരികയാണ്.ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്തേക്ക് അനധികൃതമായി കടന്നതിനുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാവൂർ മേഖലയിലും പരിസര പ്രദേശങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റലിജൻസ് ബ്യൂറോ (IB), സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്നിവയും പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കും.
