മിന്നൽ പരിശോധന: കടലുണ്ടിയിൽ സ്ഥാപനം അടപ്പിച്ചു; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

*മലബാർ ജാഗ്രത ന്യൂസ് ലൈവ്*

═══22-06-2026-തിങ്കൾ═══

ബേപ്പൂർ | ജില്ലയിൽ സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഓപ്പറേഷൻ മൺസൂൺ’ മിന്നൽ പരിശോധനയിൽ കടലുണ്ടിയിലെ ഒരു സ്ഥാപനം അടപ്പിച്ചു.കടലുണ്ടി വട്ടപ്പറമ്പിലെ അപ്സൺസ് സ്വീറ്റ് ആൻഡ് ഫ്രൂട്സ് എന്ന സ്ഥാപനത്തിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. പരിശോധനയിൽ 68 പാക്കറ്റ് കാലാവധി കഴിഞ്ഞ ബേക്കറി ഉൽപ്പന്നങ്ങളും പ്യൂപ്പൽ ബാധിച്ച എട്ട് കിലോഗ്രാം കേക്കും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകി.ഇതിനുപുറമെ മാത്തോട്ടത്തെ റയ്‌ദാൻ മന്തി എന്ന സ്ഥാപനവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അടപ്പിച്ചിരുന്നു.ബേപ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ ഷംസിയയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂൺ 16 മുതൽ 21 വരെ ബേപ്പൂർ മണ്ഡലത്തിലെ വിവിധ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി.മൺസൂൺ കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *