മേപ്പാടിയിൽ കാട്ടാന ആക്രമണത്തിന് പിന്നാലെ വൻ പ്രതിഷേധം; റോഡ് ഉപരോധിച്ച് നാട്ടുകാർ, മേഖലയിൽ സംഘർഷാവസ്ഥ

വയനാട് മേപ്പാടിയിൽ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം. നാട്ടുകാർ വയനാട് റോഡ് ഉപരോധിച്ച് പ്രതിഷേധം ആരംഭിച്ചതോടെ മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കി.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കാശ്മീർ സ്വദേശിനിയായ യുവതിയാണെന്നാണ് റിപ്പോർട്ട്.

സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. നിരന്തരം ജനവാസ മേഖലകളിൽ എത്തുന്ന കാട്ടാനയെ നിയന്ത്രിക്കുന്നതിൽ വനംവകുപ്പിനും അധികൃതർക്കും വീഴ്ച സംഭവിച്ചുവെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.ജില്ലാ കളക്ടർ നേരിട്ട് സ്ഥലത്തെത്തി ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ഒരേ ആനയാണ് പ്രദേശത്ത് തുടർച്ചയായി ആക്രമണം നടത്തുന്നതെന്നും അതേ ആന ഇപ്പോഴും മേഖലയിൽ ചുറ്റി നടക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ ആനയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തി.പ്രദേശത്ത് കൂടുതൽ പോലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരുമായി പോലീസ്, റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥർ ചർച്ച തുടരുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.മേപ്പാടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാരിൽ വലിയ ആശങ്കയും ഭീതിയും നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *