
പാലക്കാട്: ജീവനക്കാർ നോക്കിനിൽക്കേ കെ.എസ്.ആർ.ടി.സി ബസ് അജ്ഞാതൻ തട്ടിയെടുത്ത് നഗരത്തിലൂടെ ഓടിച്ച സംഭവം പാലക്കാട്ട് ആശങ്ക സൃഷ്ടിച്ചു. സർവീസ് കഴിഞ്ഞ് ഡിപ്പോയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതൻ ഓടിച്ചുകൊണ്ടുപോയത്.പാലക്കാട്-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആർ.എൻ.ഇ. 857 നമ്പർ ബസ് ശനിയാഴ്ച രാത്രി സർവീസ് പൂർത്തിയാക്കി മെക്കാനിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഡിപ്പോയ്ക്ക് പുറത്തായി പാർക്ക് ചെയ്തിരുന്നത്. ഈ സമയത്താണ് വെള്ള ഷർട്ട് ധരിച്ചിരുന്ന ഒരാൾ ബസിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്ത് കടന്നുകളഞ്ഞത്.നഗരത്തിലൂടെ അതിവേഗത്തിലും അശ്രദ്ധമായും ബസ് ഓടിച്ച ഇയാൾ വഴിയരികിലെ ബിരിയാണിക്കടയിലും മതിലിലും ഇടിച്ചതായി കണ്ടെത്തി. സംഭവത്തിൽ വലിയ ദുരന്തമാണ് ഒഴിവായത്. പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തെ മംഗളം ടവറിന് മുന്നിൽ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച പൊലീസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
