വയനാട്ടിൽ ക്യാൻസർ ഗുരുതര രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി; പ്രതിഷേധം ശക്തം

വയനാട്: ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലായ വയോധികന് വിവിധ സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന ഗുരുതര പരാതിയുയർന്നു. തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളനാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.ക്യാൻസർ ബാധിച്ച് മുഖത്ത് ഗുരുതരമായ വ്രണവും പുഴുവരിയും ഉണ്ടായിരുന്ന ബോളനെ തിരുനെല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം സ്നേഹഭവനിലെത്തിച്ച് പാലിയേറ്റീവ് പരിചരണം നൽകിയിരുന്നു. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ജൂൺ 8-ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും, പാലിയേറ്റീവ് പരിചരണം മതിയെന്ന നിലപാടിൽ ജൂൺ 10-ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ആരോപണമുണ്ട്.ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഷിഗെല്ല രോഗവ്യാപന സാഹചര്യം ചൂണ്ടിക്കാട്ടി പ്രവേശനം നൽകാൻ അധികൃതർ തയ്യാറായില്ലെന്നും, രോഗിയെ പരിശോധിക്കാൻ പോലും തയ്യാറാകാതെ നല്ലൂർനാട് ക്യാൻസർ സെന്ററിലേക്ക് അയച്ചുവെന്നുമാണ് പരാതി. തുടർന്ന് അവിടെ എത്തിയപ്പോഴും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും, മുഖത്തെ മുറിവിലെ പുഴുക്കൾ നീക്കം ചെയ്യാതെ വാർഡിൽ കിടത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.രോഗിയുടെ അവസ്ഥ അതീവ ദയനീയമായതോടെ നാട്ടുകാരും സാമൂഹിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്നാണ് രോഗിക്ക് ഭാഗികമായെങ്കിലും ചികിത്സ ലഭിച്ചതെന്നാണ് വിവരം.സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആരോഗ്യ സേവന രംഗത്ത് മനുഷ്യാവകാശ ലംഘനമുണ്ടായോ എന്ന ചോദ്യവും സംഭവത്തെ തുടർന്ന് ഉയരുന്നുണ്ട്

.#Wayanad #CancerPatient #Healthcare #KeralaHealth #MedicalNegligence #MalayalamNews #MalabarJagrathaNewsLive

Leave a Reply

Your email address will not be published. Required fields are marked *