
കൊച്ചി: സാമ്പത്തിക രംഗത്ത് ശ്രദ്ധേയ നേട്ടവുമായി കൊച്ചി വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ. മേയ് മാസത്തിൽ റെക്കോർഡ് ചരക്കുനീക്കം കൈവരിച്ചാണ് തുറമുഖം പുതിയ ചരിത്രം കുറിച്ചത്.ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിലനിൽക്കുന്നതിനിടെയാണ് വല്ലാർപാടം ടെർമിനൽ മികച്ച വളർച്ച രേഖപ്പെടുത്തിയത്. മറ്റ് തുറമുഖങ്ങളിൽ നിന്ന് തിരിച്ചുവിട്ട ട്രാൻസ്ഷിപ്പ്മെന്റ് ചരക്കുകളുടെ വർധനയും അധിക കപ്പൽ സർവീസുകളും നേട്ടത്തിന് കരുത്തായി.മേയ് മാസത്തിൽ മാത്രം 77,637 ടി.ഇ.യു കണ്ടെയ്നറുകളാണ് ടെർമിനൽ കൈകാര്യം ചെയ്തത്. സാധാരണ സർവീസുകൾക്ക് പുറമെ 17 അധിക കപ്പലുകളും വിജയകരമായി കൈകാര്യം ചെയ്തു. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.ആഗോള കപ്പൽപ്പാതകൾക്ക് സമീപമുള്ള തന്ത്രപ്രധാന സ്ഥാനം, ആധുനിക സൗകര്യങ്ങൾ, പ്രവർത്തന മികവ് എന്നിവയാണ് വല്ലാർപാടം തുറമുഖത്തെ രാജ്യത്തെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നത്.
