
മുംബൈ: വിവാഹം കഴിഞ്ഞ് വെറും 48 ദിവസത്തിനകം 26കാരിയായ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുംതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു. മുംബൈയ്ക്ക് സമീപമുള്ള അമ്പർനാഥിലാണ് സംഭവം. ഡോക്ടറായ ഭർത്താവിൽ നിന്നുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കാനാകാതെയാണ് വിശാഖ തിൽക്കർ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.ഏപ്രിൽ 30-നാണ് വിശാഖയും ഡോക്ടർ നിതിൻ തിൽക്കറും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് കാര്യങ്ങൾ സാധാരണ നിലയിലായിരുന്നെങ്കിലും വിവാഹശേഷം സാഹചര്യം മാറിയെന്നാണ് ബന്ധുക്കൾ പറയുന്നത്.വിവാഹസമ്മാനങ്ങളും സ്വർണവും പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്ന് ആരോപിച്ച് വിശാഖയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും മാതാപിതാക്കളിൽ നിന്ന് കൂടുതൽ പണവും സ്വർണവും കൊണ്ടുവരാൻ സമ്മർദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.വിശാഖയുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നതിനായി വീടിനകത്തും പുറത്തും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും, മറ്റുള്ളവരുമായി സംസാരിച്ചതിന്റെ പേരിൽ പോലും മർദനത്തിന് ഇരയാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അയൽവാസിയായ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ രണ്ട് ദിവസം മുമ്പ് ക്രൂരമായി മർദിച്ചിരുന്നതായും ആരോപണമുണ്ട്.താൻ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വിശാഖ അമ്മയോട് തുറന്ന് പറഞ്ഞിരുന്നുവെന്നാണ് വിവരം. മകളെ ഭർതൃവീട്ടിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിനിടെയാണ് വിശാഖയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുംതിരെ കേസെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
