
.കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ജൂലൈ മാസം മുതൽ സർവീസ് നിർത്തിയിടുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി, ഡീസൽ വില വർധന എന്നിവ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മേഖല നേരിടുന്നതെന്ന് ബസ് ഉടമകൾ പറയുന്നു.ഒരു ബസിന് പ്രതിദിനം ഏകദേശം 4,000 രൂപ വരെ നഷ്ടമുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, തൊഴിലാളികളുടെ കൂലി പോലും കടം വാങ്ങിയാണ് നൽകേണ്ടി വരുന്നതെന്നും ഉടമകൾ ആരോപിച്ചു. കോഴിക്കോട്–കുറ്റ്യാടി, കുന്ദമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസുകൾ തുടർച്ചയായി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.വിഷയം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാര നടപടികളൊന്നും ഉണ്ടായില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. തുടർന്നാണ് ജൂലൈ മുതൽ ബസുകൾ നിർത്തിവെക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റി യോഗത്തിൽ എടുത്തത്.സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ഇ. ഗംഗാധരൻ, കെ.പി. മുഹമ്മദ് ഇസ്ഹാക്, അബ്ദുൽ അസീസ് മടവൂർ, കെ.എം.കെ. മോഹൻ, റഷീദ് ഫ്ലാഷ്, പി.എം. വീരാൻകുട്ടി, അൻവർ സാദത്ത്, അബ്ദുൽ മജീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.– മലബാർ ജാഗ്രത ന്യൂസ് ലൈവ്
