ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവം; ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിൽ കുഞ്ഞ് രക്ഷപ്പെട്ടു.

ഹരിപ്പാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയുടെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.പരിശോധനയ്ക്കിടെ ശുചിമുറിയിലേക്ക് പോയ 19കാരി അവിടെ വെച്ച് കുഞ്ഞിന് ജന്മം നൽകി. തുടർന്ന് നവജാത ശിശുവിനെ ജനാലയിലൂടെ ആശുപത്രിയുടെ പിൻവശത്തേക്ക് വലിച്ചെറിഞ്ഞതായാണ് കണ്ടെത്തിയത്.കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ചികിത്സ നൽകിയതോടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. 2.9 കിലോ ഭാരമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അമ്മയെയും കുഞ്ഞിനെയും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരുന്നതിനിടെയാണ് യുവതി അന്യസംസ്ഥാന തൊഴിലാളിയുമായി ബന്ധത്തിലാകുന്നത്. എന്നാൽ ഗർഭിണിയായ വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ശരീരഭാരം കൂടിയതാണെന്നാണ് കരുതിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.കഴിഞ്ഞ മൂന്ന് മാസമായി വീട്ടിൽ ചികിത്സയിലാണെന്ന് പറഞ്ഞ് വിശ്രമത്തിലായിരുന്ന യുവതിയുടെ ആരോഗ്യ മാറ്റങ്ങൾ വീട്ടുകാരും സംശയിച്ചിരുന്നില്ല. യുവതിയുടെ അമ്മ ചികിത്സയിലാണെന്നും കുടുംബത്തിലെ സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണെന്നും പോലീസ് അറിയിച്ചു.സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി രേഖാമൂലം അറിയിച്ചതായും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി. കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *