
പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് പരിക്കേറ്റത്.
മുള്ളി മേഖലയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെ ആദിവാസി യുവാവായ 30-കാരൻ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് മുഖത്ത് ഗുരുതര പരിക്കേറ്റു.
അതേസമയം, അട്ടപ്പാടി ഗൂളിക്കടവിൽ രാവിലെ അഞ്ചരയോടെ നടന്ന മറ്റൊരു സംഭവത്തിൽ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ കാട്ടാന ആക്രമിച്ചു. ഓട്ടോ മറിച്ചിട്ട ശേഷമാണ് ആക്രമണം ഉണ്ടായത്. യാത്രികയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവർ പ്രസാദിനും പരിക്കേറ്റു.
പരിക്കേറ്റ മൂവരെയും അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. #Attappady #WildElephantAttack #Palakkad #KeralaNews
