
കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായി നാട്ടിലെത്തിയ അബ്ദുല്‍ റഹീമിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് നന്ദി അറിയിച്ച ബോബി ചെമ്മണ്ണൂര്‍, ഇത് ലോകം ശ്രദ്ധിച്ച മാനവികതയുടെ വലിയ മാതൃകയാണെന്നും പറഞ്ഞു.ജാതി മത ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നാണ് അബ്ദുല്‍ റഹീമിന്റെ മോചനം സാധ്യമാക്കിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. “36 കോടിക്ക് പകരം 40 കോടി രൂപ വരെ സമാഹരിച്ച് ഒരു മനുഷ്യനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ജനത ലോകത്ത് കേരളം മാത്രമായിരിക്കും. ഇത് ഒരു വേള്‍ഡ് റെക്കോര്‍ഡാണ്,” അദ്ദേഹം പറഞ്ഞു.അബ്ദുല്‍ റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കേരള ജനതയുടെ സ്നേഹവും ഐക്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.അതേസമയം, അബ്ദുല്‍ റഹീമിന് തന്റെ ജ്വല്ലറിയില്‍ ജോലി നല്കാന് ആഗ്രഹമുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. എന്നാല്‍ അബ്ദുല്‍ റഹീമിന്റെ അഭിപ്രായവും താല്പര്യവും കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.വിമാനത്താവളത്തില്‍ വലിയ ജനാവലിയാണ് അബ്ദുല്‍ റഹീമിനെ വരവേല്‍ക്കാന്‍ എത്തിയത്. നീണ്ട വര്‍ഷങ്ങളായുള്ള നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിലാണ് അബ്ദുല്‍ റഹീം സ്വന്തം നാട്ടിലെത്തിയത്.
