
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനതല പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
സ്കൂളിലെത്തിയ പുതുമുഖ വിദ്യാർത്ഥികളെ സ്വീകരിച്ച ചടങ്ങിൽ, സ്വന്തം വിദ്യാർത്ഥി ജീവിതത്തിലെ അനുഭവങ്ങളും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു.സ്കൂൾ ജീവിതത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ച മുഖ്യമന്ത്രി, പഠനകാലത്ത് ഒരിക്കൽ പോലും വീട്ടിൽനിന്ന് ആരും സ്കൂളിൽ അന്വേഷിച്ച് വന്നിട്ടില്ലെന്ന് പറഞ്ഞു. അധ്യാപകർ രക്ഷിതാക്കളെ വിളിക്കാൻ ആവശ്യപ്പെട്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം താൻ തന്നെ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം ചിരിയോടെ ഓർത്തെടുത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളിൽ അമ്മമാരുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പി.ടി.എ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും ഇത് കുട്ടികളുടെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ, കാണിക്കുന്ന ശ്രദ്ധയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള അടുത്ത ബന്ധം കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും വളർത്താനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ കുട്ടിയുടെയും വ്യത്യസ്തമായ താൽപര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിൽ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ അതിവേഗം വളരുന്ന കാലഘട്ടത്തിലാണ് ഇന്നത്തെ കുട്ടികൾ പഠിക്കുന്നത്. അറിവുകൾ വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതിനാൽ നിരന്തര പഠനവും അന്വേഷണ മനോഭാവവും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനയിലൂടെയും പഠനത്തിലൂടെയും പുതിയ അറിവുകൾ തേടാനുള്ള ജിജ്ഞാസ കുട്ടികളിൽ വളർത്തിയെടുക്കണമെന്നും, അറിവിനായുള്ള അന്വേഷണം തന്നെയാണ് ജീവിതത്തിന്റെ യഥാർത്ഥ ശക്തിയെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
