
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയിൽ പ്രതികരിച്ച് ഡോ. കെ.ജെ. റീന. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതയെ തുടർന്ന് രണ്ടര ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയതെന്നും അവർ വ്യക്തമാക്കി.സ്ഥാനമാറ്റ ഉത്തരവ് തനിക്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് പറഞ്ഞ റീന, “വളരെ പ്രസന്നമായ ഒരു സ്ഥലത്ത് പെട്ടെന്ന് ഇടിവെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്” എന്നും പ്രതികരിച്ചു.ആരോഗ്യമന്ത്രി കെ. മുരളീധരനുമായി നിപ പരിശോധനാ ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്ഥാനമാറ്റ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുന്നതെന്നും അവർ പറഞ്ഞു.ആരോഗ്യവകുപ്പിന്റെ നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, 15 ദിവസത്തെ അവധി ആവശ്യപ്പെട്ടെന്നതിന് തെളിവുണ്ടെങ്കിൽ അത് ആരോഗ്യ മന്ത്രിയുടെ ഓഫീസ് പുറത്തുവിടണമെന്നും ഡോ. റീന വെല്ലുവിളിച്ചു.സംഭവം ആരോഗ്യവകുപ്പിലും രാഷ്ട്രീയ രംഗത്തും ചർച്ചയായിരിക്കുകയാണ്. സ്ഥാനമാറ്റ നടപടിക്ക് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണം സർക്കാർ നൽകുമോയെന്നതും ശ്രദ്ധേയമാണ്.
