‘ആശാ സമരത്തിന്റെ ശബ്ദം കേൾക്കാതിരുന്ന സർക്കാരിന് ജനങ്ങൾ മറുപടി നൽകി’: പ്രേംകുമാർ

മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത ആശാ വർക്കർമാരുടെ ശബ്ദം കേൾക്കാതിരുന്ന മുൻ സർക്കാരിന് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്ന് നടൻ പ്രേംകുമാർ. ആശാ വർക്കർമാർ സംഘടിപ്പിച്ച ‘ആശാകേരളം വിജയപാതയിൽ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തനിക്ക് ചലച്ചിത്ര അക്കാദമി സ്ഥാനം നഷ്ടമായെങ്കിലും അതിൽ യാതൊരു വിഷമവുമില്ലെന്ന് പ്രേംകുമാർ പറഞ്ഞു. “നീതിക്കുവേണ്ടി സംസാരിച്ചതിന്റെ വിലയാണ് അത്. അധികാരത്തിന് മുന്നിൽ മിണ്ടാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആശാ വർക്കർമാർ സമരത്തിന്റെ ഓർമ്മകൾ പങ്കുവെച്ചും മധുരം വിതരണം ചെയ്തുമാണ് വിജയാഘോഷം നടത്തിയത്. ഓണറേറിയം വർധിപ്പിച്ച പുതിയ സർക്കാരിനോട് നന്ദി അറിയിച്ച ആശമാർ, നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ നേട്ടമെന്നു പ്രതികരിച്ചു.“സമരദിവസങ്ങളിൽ ഞങ്ങളെ തകർക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ പിൻമാറിയില്ല. ഇന്ന് അതേ സ്ഥലത്ത് സന്തോഷത്തോടെ നിൽക്കാനാകുന്നത് വലിയ വിജയമാണ്,” ഒരു ആശാ വർക്കർ പറഞ്ഞു.2025 ഫെബ്രുവരി 10ന് ആരംഭിച്ച സമരത്തിന് പിന്തുണ നൽകിയ സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *