
തൃശൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ച് നശിപ്പിച്ച് തൃശൂർ സിറ്റി പൊലീസ്. “ഓപ്പറേഷൻ തൂഫാൻ” എന്ന പ്രത്യേക ലഹരി വിരുദ്ധ നടപടിയുടെ ഭാഗമായി പൊതുജന ബോധവത്കരണം ലക്ഷ്യമിട്ടാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.കോടതിയുടെ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ നശിപ്പിച്ചത്. ഏകദേശം 60 കിലോഗ്രാം കഞ്ചാവ്, 134 ഗ്രാം മെത്താംഫെറ്റമിൻ (എംഡിഎംഎ), 390 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ബീഡികൾ, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ് കത്തിച്ച് നശിപ്പിച്ചത്.കഴിഞ്ഞ മാസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലും റെയ്ഡുകളിലും പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ഇവയെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായും പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനായും ഇത്തരം ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി വ്യാപനത്തിനെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സഹകരണവും വിവരങ്ങളും നിർണായകമാണെന്നും പൊലീസ് അധികൃതർ പറഞ്ഞു.
