ഓപ്പറേഷൻ തൂഫാൻ: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ലഹരി സംഘം; ഇന്നോവ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫും നടക്കാവ് പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ഇന്നോവ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. പ്രതികൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ഊർജിതമാക്കി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് രാരിച്ചൻ റോഡ് ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദ സാഹചര്യത്തിൽ ഒരു ഇന്നോവ കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർദേശം അവഗണിച്ച് അമിതവേഗത്തിൽ കടന്നുപോയി. തുടർന്ന് പോലീസ് പിന്തുടർന്നെങ്കിലും കാറിലുണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നത് മയക്കുമരുന്ന് കേസുകളിലെ പ്രതിയും താർ ജീപ്പ് ഇടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ നന്മണ്ട സ്വദേശി അനന്തു എന്ന ടോബി, കൂടാതെ കോഴിക്കോട് നഗരത്തിൽ യുവതി-യുവാക്കളെ വാടക റൂമുകളിലേക്ക് ആകർഷിച്ച് എംഡിഎംഎ വിൽപ്പന നടത്തിയതായി ആരോപിക്കപ്പെടുന്ന പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണെന്ന് പോലീസ് അറിയിച്ചു.ഇരുവരും നേരത്തെ തന്നെ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പ്രതികൾ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ ഇവർ താമസിച്ചിരുന്ന വാടക റൂമുകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ഇലക്ട്രോണിക് ത്രാസ്, 85,100 രൂപ എന്നിവയും കണ്ടെത്തി.രക്ഷപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും ലഹരിക്കെതിരായ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *