കടുത്ത നെഞ്ചുവേദനയ്ക്കിടയിലും കുരുന്നുകളെ സുരക്ഷിതരാക്കി; സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാറിന് കണ്ണീരോടെ വിട

കുറ്റ്യാടി: കടുത്ത നെഞ്ചുവേദനയ്ക്കിടയിലും സ്കൂൾ വാനിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വലിയൊരു ദുരന്തം ഒഴിവാക്കിയ സ്കൂൾ വാൻ ഡ്രൈവർ അനിൽ കുമാർ (50) അന്തരിച്ചു.തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചെറുകുന്ന് വാഴയിൽമുക്കിൽ വെച്ച് അനിൽ കുമാറിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നെങ്കിലും ആത്മസംയമനം കൈവിടാതെ വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തുകയായിരുന്നു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സ്വന്തം മൊബൈൽ ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അനിൽ കുമാർ കാട്ടിയ ഉത്തരവാദിത്തബോധവും ആത്മസംയമനവും മൂലം വാനിലുണ്ടായിരുന്ന മുഴുവൻ കുട്ടികളും സുരക്ഷിതരായി. പിന്നീട് മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ അവരുടെ വീടുകളിൽ എത്തിച്ചത്.വർഷങ്ങളായി ഡ്രൈവിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന അനിൽ കുമാർ നാടിനും വിദ്യാലയത്തിനും പ്രിയങ്കരനായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും കുരുന്നുകളുടെ ജീവൻ സുരക്ഷിതമാക്കാൻ അദ്ദേഹം കാട്ടിയ സമർപ്പണവും കടമനിർവഹണവും നാടിന്റെ കണ്ണീരോർമ്മയായി മാറുകയാണ്.പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ ജീവനക്കാരി നിഷയാണ് ഭാര്യ. കുറ്റ്യാടി ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥിനി പാർവണ മകളാണ്. സഹോദരി: അനില.

Leave a Reply

Your email address will not be published. Required fields are marked *