കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം; ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: ചുണ്ടിലെ മുറിവിന് ചികിത്സ തേടിയെത്തിയ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവും അനാസ്ഥയും ആരോപിച്ച് രക്ഷിതാക്കൾ രംഗത്ത്. ദേവാശ് ഷൗര്യ എന്ന കുട്ടിയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുറിവിന് സ്റ്റിച്ച് ഇടേണ്ടതിനാൽ അനസ്തീഷ്യ നൽകിയതിനു പിന്നാലെ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും, തുടർന്ന് തലച്ചോറിന് തകരാർ സംഭവിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം.നില അതീവ ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ പിന്നീട് കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.സംഭവത്തിൽ ചികിത്സാ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയും ഉണ്ടായതായി ആരോപിച്ച് രക്ഷിതാക്കൾ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *