കുറ്റ്യാടിയിൽ കാപ്പ കേസ് പ്രതി പിടിയിൽ; ജില്ലാപ്രവേശന വിലക്ക് ലംഘിച്ചെന്ന് പോലീസ്

കുറ്റ്യാടി വാഹനാപകട കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ കാപ്പ കേസ് പ്രതിയെ കുറ്റ്യാടി പോലീസ് പിടികൂടി. വളയം പുളിയാവ് മാങ്കാട്ടിൽ അജ്മൽ (32) ആണ് അറസ്റ്റിലായത്.വിവിധ കേസുകളിൽ പ്രതിയായ അജ്മലിനെതിരെ വളയം പോലീസ് കാപ്പ ചുമത്തിയിരുന്നു. കോഴിക്കോട് റൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ഇയാളെ വളയം പോലീസിന് കൈമാറി.മൂന്ന് ദിവസം മുമ്പ് കക്കട്ടിൽ അപകടം വരുത്തിയതായി പറയപ്പെടുന്ന വാഹനം ഇയാളുടേതാണെന്ന വിവരത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാൾക്കൊപ്പം ഒരു സ്ത്രീയെയും കണ്ടെത്തി.ഇയാൾ ലഹരിവസ്തുക്കൾ കടത്തുകയായിരുന്നുവെന്ന് ചില നാട്ടുകാർ ആരോപിച്ചെങ്കിലും നടത്തിയ പരിശോധനയിൽ അത്തരം വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് കുറ്റ്യാടി പോലീസ് വ്യക്തമാക്കി.സംഭവവിവരം അറിഞ്ഞ് സ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *