
കോഴിക്കോട്: കേരളത്തിൽ സഹകരണ മേഖലയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാൻ ലക്ഷ്യമിട്ട് ‘കോ-കേരളം’ (Co-Keralam) എന്ന പേരിൽ പുതിയ വിമാനക്കമ്പനി രൂപീകരിക്കാനുള്ള നിർദേശം മുന്നോട്ട് വച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്ത് സർവീസ് നടത്താനാണ് പദ്ധതി. ആദ്യഘട്ടത്തിൽ രണ്ട് 72 സീറ്റുള്ള വിമാനങ്ങൾ ഉപയോഗിച്ച് നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസാണ് ലക്ഷ്യമിടുന്നത്.മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായുള്ള കമ്പനിയിൽ 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിച്ച് പദ്ധതി നടപ്പാക്കാനാണ് നിർദേശം. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് അവകാശവാദം.ടിക്കറ്റ് നിരക്ക് 3,500 മുതൽ 7,000 രൂപ വരെയായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. സർവീസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനവും പരിഗണനയിലുണ്ട്. ആദ്യഘട്ടത്തിൽ ഏകദേശം 200 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, തുടർഘട്ടങ്ങളിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കാനാണ് പദ്ധതി.പദ്ധതിയുടെ രൂപരേഖ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും, തത്വത്തിൽ അനുമതി ലഭിക്കുന്നതോടെ തുടർനടപടികളിലേക്ക് കടക്കുമെന്നും സി.എൻ. വിജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
