
ഫറോക്കിന് സമീപം കൊളത്തറയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഷബീബ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. കൊളത്തറ–ചെറുവണ്ണൂർ ബൈപ്പാസിൽ കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ചെറുവണ്ണൂർ ഭാഗത്ത് മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതുമൂലം പല സ്വകാര്യ ബസുകളും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊളത്തറ വഴിയാണ് സർവീസ് നടത്തുന്നത്. അത്തരത്തിൽ സർവീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
