
കോഴിക്കോട് കുന്ദമംഗലം വരട്ട്യാക്ക്–ചാത്തങ്കാവ് റോഡിൽ വാഹനയാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്ന വിധത്തിൽ റോഡ് തകരുകയും വലിയ തോതിൽ താഴ്ന്നുപോവുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് ടാർ ചെയ്ത് നവീകരിച്ച റോഡാണ് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വീണ്ടും തകരാറിലായത്.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ റോഡിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന ഭാഗത്താണ് പ്രധാനമായും താഴ്ന്നുപോയത്. ഇതിനെ തുടർന്ന് റോഡിൽ ആഴത്തിലുള്ള കുഴി രൂപപ്പെട്ടതോടെ പ്രദേശത്ത് അപകട സാധ്യത വർധിച്ചു.നിലവിൽ വാഹന ഗതാഗതം നിയന്ത്രിച്ച് റോഡിന്റെ ഒരു വശത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തിരക്കേറിയ ഈ പാതയിൽ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ തകരാർ ഉടൻ പരിഹരിക്കേണ്ടതിന്റെ ആവശ്യകത നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.അറ്റകുറ്റപ്പണി വൈകിയാൽ വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായി ആശങ്ക ഉയരുന്നു.
